ആലക്കോട്: മലയോര നിവാസികളുടെ പ്രധാന ആശ്രയമായ ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം രൂക്ഷം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. അഞ്ച് ഡോക്ടർമാരുടെ തസ്തികയുള്ള ഇവിടെ നിലവിൽ മൂന്നുപേർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. മികച്ച കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഡോക്ടർമാരുടെ കുറവ് കാരണം രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് ഇന്നലെ രാവിലെ ആശുപത്രിയിൽ രോഗികളും നാട്ടുകാരും പ്രതിഷേധിച്ചു. ഒ.പി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടാകേണ്ട സമയത്ത് ഒരാൾ മാത്രമാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്ന രോഗികൾ ദുരിതത്തിലായി. തുടർന്ന് രോഷാകുലരായ ജനങ്ങൾ മെഡിക്കൽ ഓഫീസറുടെ ക്യാബിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മറ്റൊരു ഡോക്ടർ കൂടി ഒ.പിയിൽ എത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.
ആശുപത്രിയുടെ ഭരണച്ചുമതലയിലും നിലവിൽ പ്രതിസന്ധിയുണ്ട്. മുൻപുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ സ്ഥലംമാറിപ്പോയതിന് ശേഷം പകരം പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല. നിലവിൽ മറ്റൊരാൾക്കാണ് താൽക്കാലിക ചുമതല നൽകിയിട്ടുള്ളത്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. ഡോക്ടർമാരില്ലാത്തതിനാൽ ഇവർക്ക് നിരാശരായി മടങ്ങേണ്ടി വരുന്നു. പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് പുതിയ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആലക്കോട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment