ചെറുപുഴ: പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ വിയോഗ വാർത്തയെത്തിയത്. ത്യാഗസന്നദ്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഏറ്റവും വലിയ മാതൃക ലോകത്തിന് നൽകിയാണ് രാജേഷ് ഓർമയിലേക്ക് മറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച കാര്യങ്കോട് പുഴയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മീന്തുള്ളി തുരുത്തിൽ കരയിൽ നിന്നും 50 മീറ്ററോളം ദൂരത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ ബെന്നി എന്നയാളെ രക്ഷിക്കാനാണ് അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗം കൂടിയായ രാജേഷ് എത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ സ്വയരക്ഷക്ക് ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നൽകി അദ്ദേഹത്തെ രാജേഷ് സുരക്ഷിതനാക്കി.
തുടർന്ന് ബെന്നിയെ മുന്നിലും മറ്റ് രണ്ട് പേരെ നടുവിലും നിർത്തി, സുരക്ഷാവടത്തിൽ പിടിച്ച് ഏറ്റവും പുറകിലായാണ് രാജേഷ് കരയിലേക്ക് നീന്തിയത്. എന്നാൽ ഇക്കരെ എത്തുന്നതിനു തൊട്ടുമുമ്പ് അതിശക്തമായ ഒഴുക്കിൽപ്പെട്ട് വടത്തിലെ പിടി നഷ്ടപ്പെട്ട രാജേഷ് ഒഴുകിപ്പോവുകയായിരുന്നു.
മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ അദ്ദേഹം തിരുവനന്തപുരത്ത് നിന്നും വന്ന്, സ്വജീവൻ പണയപ്പെടുത്തിയാണ് മറ്റൊരാൾക്ക് വേണ്ടി ജീവൻ വെടിഞ്ഞത്. ഈ ജീവത്യാഗം മലയാളികൾ എക്കാലവും ഓർക്കും.
ഷാഫിയയാണ് ഭാര്യ. അഭിഷേക്, ആർഷൻ എന്നിവർ മക്കളാണ്.
ധീരനായ ഈ യുവാവിന് കണ്ണീർപ്രണാമം അർപ്പിക്കുന്നതിനൊപ്പം കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ നാടൊന്നാകെ പങ്കുചേരുന്നു.

Post a Comment