പ്രിയദര്‍ശിനി ബസിലെ വനിതാ കണ്ടക്ടര്‍ക്ക് വായില്‍ കടിച്ചുപിടിച്ച നോട്ട് നല്‍കി യാത്രക്കാരൻ; വാക്കുതര്‍ക്കം


കൊച്ചി: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി ബസില്‍ യാത്രക്കാരൻ വായില്‍കടിച്ച്‌ പിടിച്ച നോട്ട് നല്‍കിയതിന് പിന്നാലെ വാക്കുതർക്കം.വനിതാ കണ്ടക്ടർ നോട്ട് വാങ്ങാൻ വിസമ്മതിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. പിന്നാലെ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ട്രിപ്പ് മുടങ്ങുകയും ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ബസിലാണ് സംഭവം.
തർക്കത്തിന് പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ കണ്ടക്ടർ യൂണിറ്റ് ഇൻസ്‌പെക്ടർക്ക് മുമ്പാകെ എത്തി സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ചു. പൊലീസിലും വിവരം അറിയിച്ച ശേഷം ഇവർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വനിതാ കണ്ടക്ടർ മാനസിക സമ്മർദ്ദം മൂലം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് യൂണിറ്റ് ഇൻസ്‌പെക്ടർ രോഹിണിയെ അറിയിച്ചു. ഇതിനായുള്ള അപേക്ഷയും ഇൻസ്‌പെക്ടർക്ക് കൈമാറി കണ്ടക്ടർ മടങ്ങി. തുടർന്ന് മൂവാറ്റുപുഴ ഡിപ്പോയില്‍ വിവരം അറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭിക്കാത്തതിനെ തുടർന്ന് ട്രിപ്പ് റദ്ദാക്കി.

Post a Comment

Previous Post Next Post