റേഷൻ അരി കുക്കറിൽ വേവിച്ചാൽ കുഴയുമെന്നത് അടിസ്ഥാനരഹിതം; പിന്നിൽ വൻ ഗൂഢാലോചനയെന്ന് വിജിലൻസ് സമിതി

 


കോട്ടയം: റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരി പ്രഷർ കുക്കറിൽ വേവിച്ചാൽ കുഴഞ്ഞുപോകുമെന്നും, ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി. പ്രമേഹവും അമിതവണ്ണവും ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുമെന്ന വാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സമിതി അംഗം എബി ഐപ്പ് വ്യക്തമാക്കി.

നിലവിൽ വിതരണം ചെയ്യുന്നത് ഉയർന്ന ഗുണനിലവാരമുള്ള അരി തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ സീസണിൽ ലഭിക്കുന്ന അരികൾ പൊതുവെ വേഗത്തിൽ വേവുന്ന സ്വഭാവമുള്ളവയാണ്. ഈ സ്വാഭാവിക മാറ്റത്തെയാണ് ചിലർ റേഷൻ അരിയുടെ പോരായ്മയായി ചിത്രീകരിക്കുന്നത്.

വരാനിരിക്കുന്ന ഓണം സീസൺ ലക്ഷ്യമിട്ട് ചില സ്വകാര്യ അരി മില്ലുടമകൾ നടത്തുന്ന ആസൂത്രിത നീക്കമാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. റേഷൻ അരിക്ക് ഗുണനിലവാരമില്ലെന്ന് വരുത്തിത്തീർത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് വൻ ലാഭം കൊയ്യാനാണ് ഇവർ ശ്രമിക്കുന്നതെന്നും എബി ഐപ്പ് പറഞ്ഞു. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post