തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംങ് നിരോധനം കഴിഞ്ഞെങ്കിലും വിപണിയില്‍ കത്തികയറി മത്സ്യവില. കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് കേരളത്തില്‍ മത്സ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
സാധാരണക്കാരുടെ പ്രിയപ്പെട്ട മത്തി (ചാള), അയല ഉള്‍പ്പെടെയുള്ള പ്രധാന മീനുകള്‍ക്ക് തീവിലയാണ്. വിപണിയില്‍ ആവശ്യത്തിന് മീനുകള്‍ എത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ രൂക്ഷമായ വിലക്കയറ്റത്തിന് പ്രധാന കാരണം. ട്രോളിങ് നിരോധനം അവസാനിച്ചതോടെ വൻതോതില്‍ മീനുകള്‍ ലഭ്യമാകുമെന്നും വില കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, ഈ പ്രതീക്ഷയെ കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് കനത്ത മഴയും കടലിലെ പ്രതികൂല കാലാവസ്ഥയും തുടരുകയാണ്.
കടല്‍ക്ഷോഭവും കാറ്റും കാരണം ഭൂരിഭാഗം ബോട്ടുകള്‍ക്കും കടലില്‍ ഇറങ്ങാൻ സാധിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നും മുനമ്പത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിപണികളില്‍ മീനുകളെത്തുന്നുണ്ടെങ്കിലും വില ഉയർന്ന് നില്‍ക്കുകയാണ്. കത്തിച്ചാളയ്ക്ക് 250 രൂപയും സാധാരണ മത്തിക്ക് 250 മുതല്‍ 280 രൂപയുമാണ് നിലവിലെ വിപണി വില. വ്യാപാരികള്‍ കൊഴുവ, വെളൂരി തുടങ്ങിയ മീനുകള്‍ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം മത്തിയോടും അയലയോടുമാണ്.
മഴ കുറയുന്നതോടെ കച്ചവടം സാധാരണഗതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ചെറുകിട മത്സ്യവില്പനക്കാർ പറയുന്നത്. ട്രോളിങ് നിരോധനവും പ്രതികൂല കാലാവസ്ഥയും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ മത്തി, അയലമീനുകള്‍ എത്താതിരുന്നതും വിലകയറ്റത്തിന് കാരണമായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം മത്സ്യബന്ധനത്തിനിറങ്ങാത്തത് വലിയ മീനുകളും വിപണിയില്‍ കിട്ടാക്കനിയായി നില്‍ക്കുകയാണ്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് മീൻവില കൂടുന്നത് വയറ്റത്തടിയാണ്.
തമിഴ്നാട്ടില്‍നിന്നെത്തുന്ന വറ്റയും ചെറിയ ചെമ്മീനും ചെമ്പല്ലിയുമാണ് വിപണിയില്‍ നിലവില്‍ കച്ചവടം പൊലിപ്പിക്കുന്നത്. കടലിലെ താപനില വർധിച്ചതുമൂലം മത്തി, അയല എന്നിവ കേരളതീരം വിട്ടുപോകുന്നതും മീനിൻ്റെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. മീനിന് പകരം മറ്റ് വഴികള്‍ തേടേണ്ടിവരുന്നതായി മീൻ വാങ്ങെനെത്തുന്നവരും പറയുന്നു. വിപണിയില്‍ ചെറിയതോതില്‍ കിളിമീൻ, കണവ എന്നിവയും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മഴ മാറിയാല്‍ മാത്രമെ മത്സ്യബന്ധം പഴയപടിയാകുകയുള്ളൂ.
Post a Comment