ആലക്കോട് കൊട്ടയാട് കവലയിൽ മദ്യലഹരിയിൽ യുവാക്കളുടെ കൂട്ടത്തല്ല്; കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം

 


ആലക്കോട്: കൊട്ടയാട് ജംഗ്ഷനിൽ അർധരാത്രി മദ്യലഹരിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രി പതിനൊന്നരയോടെ നടന്ന അക്രമത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും വ്യാപാരസ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

കരുവഞ്ചാലിലെ ഒരു ബാറിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. ബാറിൽ വെച്ച് ബിയർ കുപ്പിയെറിഞ്ഞതുമായി ബന്ധപ്പെട്ട് ആലക്കോട് പോലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് ഇരുസംഘങ്ങളും കൊട്ടയാട് കവലയിൽ വെച്ച് വീണ്ടും ഏറ്റുമുട്ടിയത്. വെള്ളാട്, കരുവഞ്ചാൽ സ്വദേശികളായ യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്.

വാക്കത്തിയും കല്ലുകളും കട്ടകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. കല്ലേറിൽ കൊട്ടയാട് ഫിലിം സിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന 'ദി മേപ്പിൾ സ്റ്റോർ' എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. സിനിമ കാണാനെത്തിയവരുടേതടക്കം വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും റോഡിലൂടെ പോയ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായി.

വെട്ടേറ്റും കല്ലേറിലുമായി സംഘത്തിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘർഷം ഏറെ നേരം നീണ്ടുനിന്നു. വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമിസംഘം പിരിഞ്ഞുപോയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post