കണ്ണൂർ: കണ്ണൂർ ചൊക്ലിയില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടും കണ്ടെത്താനായിട്ടില്ല.
കുട്ടിയെ കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തി എന്ന ആരോപണം ഉയർന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ പോലീസിന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നല്‍കി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് കാണാതായത്.ഈ മാസം എട്ടാം തീയതിയാണ് ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശിവസൂര്യയെ കാണാതായത്. മൊബൈല്‍ ഫോണ്‍ അച്ഛൻ വാങ്ങി വച്ചതിനെ തുടർന്ന് കത്തെഴുതി വച്ചാണ് കുട്ടി വീട് വിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തില്‍ പറഞ്ഞിരുന്നു. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ എട്ട് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ചൊക്ലി പോലീസ് സ്റ്റേഷനിലെത്തിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ, കുട്ടിയെ അടിയന്തിരമായി കണ്ടെത്തണമെന്ന് പൊലീസിന് നിർദ്ദേശം നല്‍കി.
കുട്ടിയെ കാണാതായ സംഭവത്തിന്റെ വിശദാംശങ്ങളും പോലീസ് സ്വീകരിച്ച നടപടികളും ചെയർപേഴ്സണ്‍ ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസൂര്യയുടെ വീട് കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അടിയന്തര ഇടപെടലിന് നിർദ്ദേശം നല്‍കിയത്.
കുട്ടിയെ കണ്ടെത്തുന്നതിനായി സാങ്കേതികവും നിയമപരവുമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment