ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യയിലെ ഉത്തരാഖണ്ഡില്‍ നിന്നുള്ള രേണു ധരിയാല്‍ സ്വന്തമാക്കി.
271.50 സെന്റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ളതാണ് ഇവരുടെ മുടി. ഏപ്രിലില്‍ ഹല്‍ദ്വാനിയില്‍ വെച്ചാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 257.33 സെന്റീമീറ്റർ എന്ന മുൻ റെക്കോർഡ് മറികടന്നാണ് രേണു ഈ പുതിയ നേട്ടം കൈവരിച്ചത്.അവരുടെ ഈ നേട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ക്ഷമയുടെയും സമർപ്പണത്തിന്റെയും പ്രകൃതിദത്ത സൗന്ദര്യത്തിന്റെയും പ്രതീകമായി അവരുടെ നീണ്ട കറുത്ത മുടി മാറി.
2015-ലാണ് രേണു മുടി വളർത്താൻ തുടങ്ങിയത്, അതിനുശേഷം അവർ മുടി വെട്ടിയിട്ടില്ല. നീളമുള്ള മുടിയെ സൗന്ദര്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ഭാഗമായി കാണുന്ന ഇന്ത്യൻ സംസ്കാരമാണ് ഇതിന് പ്രചോദനമായതെന്ന് അവർ പറയുന്നു. "2015 മുതല്‍ ഞാൻ തുടർച്ചയായി മുടി വളർത്തുന്നു. ഇന്ത്യൻ സംസ്‌കാരത്തില്‍ നീളമുള്ള മുടി വലിയ സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു," ഗിന്നസ് വേള്‍ഡ് റെക്കോർഡ്സിനോട് സംസാരിക്കവെ രേണു പറഞ്ഞു. വർഷങ്ങളുടെ അർപ്പണബോധമാണ് ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നീളൻ മുടിയുള്ള വ്യക്തികളിലൊരാളായി അവരെ മാറ്റിയത്.
ഏകദേശം ഒൻപത് അടിയോളം നീളമുള്ള മുടി സംരക്ഷിക്കാൻ വലിയ പരിചരണം ആവശ്യമാണ്. മുടിയുടെ ആരോഗ്യം നിലനിർത്താനും കേടുപാടുകള്‍ ഒഴിവാക്കാനും കഴുകാനും ഉണക്കാനും കെട്ടഴിച്ചെടുക്കാനും മണിക്കൂറുകളാണ് രേണു ചെലവഴിക്കുന്നത്. വിപണിയില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ് അവർ പിന്തുടരുന്നത്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന എണ്ണകളും ഷാംപൂകളുമാണ് അവർ ഉപയോഗിക്കുന്നത്. രാസവസ്തുക്കളില്ലാത്ത മുടി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ പരമ്പരാഗത സൗന്ദര്യക്കൂട്ടുകള്‍ അവർ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുമായും പങ്കുവെക്കുന്നു.
Post a Comment