തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർണായക നീക്കം. പരിവാഹൻ പോർട്ടല്‍ വഴിയുള്ള 60ഓളം സേവനങ്ങള്‍ ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു.
സെപ്റ്റംബർ 21 മുതല്‍ ആധാർ ഒടിപി പരിശോധന നിർബന്ധമാക്കും. വാഹൻ, സാരഥി പോർട്ടലുകളിലൂടെ ലഭിക്കുന്ന സേവനങ്ങളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. അപേക്ഷകരുടെ നടപടികള്‍ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം.
നിലവില്‍ 60-ഓളം സേവനങ്ങളില്‍ 21 എണ്ണം ഓഫീസില്‍ നേരിട്ട് എത്താതെ ഓണ്‍ലൈനായി പൂർത്തിയാക്കാൻ കഴിയുന്നവയാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകർക്ക് ഈ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാം. എന്നാല്‍ മറ്റ് സേവനങ്ങളില്‍ കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തത് മുതലെടുത്ത് ചില അനധികൃത വ്യക്തികളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു. സമയക്കുറവും അപേക്ഷാ നടപടികളുടെ സങ്കീർണ്ണതയും കാരണം പലരും ഏജന്റുമാരെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ചില ഏജന്റുമാർ അപൂർണ്ണമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ബോധപൂർവം അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് നടപടികള്‍ വേഗത്തിലാക്കാമെന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് അധിക തുക ഈടാക്കുകയും ചെയ്യുന്നതായി എംവിഡി വ്യക്തമാക്കി. ഇതിന് പരിഹാരമായാണ് ശേഷിക്കുന്ന പരിവാഹൻ സേവനങ്ങള്‍ കൂടി ഫേസ്‌ലെസ് ഓണ്‍ലൈൻ സേവനങ്ങളാക്കി മാറ്റുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അപേക്ഷകർക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ കൂടുതല്‍ സേവനങ്ങള്‍ നേരിട്ട് ഓണ്‍ലൈനായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
പുതിയ സംവിധാനമിങ്ങനെ
1. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകള്‍ സമർപ്പിക്കാം.
2. ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തില്‍ അപേക്ഷകള്‍ തീർപ്പാക്കും.
3. വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയല്‍ പരിശോധന, കാരണം കാണിക്കല്‍ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേള്‍ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങള്‍ക്കും ഇനി ആർടി ഓഫീസുകള്‍ സന്ദർശിക്കേണ്ടതില്ല.
4. 'നമ്മുടെ കേരളം' പോർട്ടല്‍ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഈ പോർട്ടല്‍ വഴി വ്യക്തിഗത വാദം കേള്‍ക്കല്‍, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.
5. 'നമ്മുടെ കേരളം' പോർട്ടലിലെ 'Vmeet' വഴി ആർ.ടി.ഒയ്ക്ക് മുന്നില്‍ വീഡിയോ കോള്‍ വഴി ഹാജരാകാനുള്ള സൗകര്യം.
6. പൊതുജനങ്ങള്‍ക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകള്‍ സമർപ്പിക്കുന്നതില്‍ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങള്‍ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (കേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.
7. ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടി വന്നേക്കാം.
8. ഓണ്‍ലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ആർ.ടി. ഓഫീസുകളില്‍ സമർപ്പിക്കേണ്ടതില്ല.
9. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിള്‍ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.
10. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
Post a Comment