ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം! ഇന്ന് മാത്രം നടക്കുന്നത് 444 വിവാഹങ്ങള്‍, സര്‍വകാല റെക്കോഡ്


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കാന്‍ പോകുന്നത് റെക്കോഡ് വിവാഹങ്ങള്‍. ഇന്നലെ വരെ 444 വിവാഹങ്ങളാണ് ഇന്നേക്കായി ബുക്ക് ചെയ്തത്.ഇനി സ്‌പോട്ട് ബുക്കിംഗ് കണക്ക് കൂടിയെടുത്താല്‍ ഇത് 450 ആകും. പുലര്‍ച്ചെ നാല് മണി മുതലാണ് വിവാഹങ്ങള്‍ ആരംഭിച്ചത്. രാവിലെ ആറ് മണി വരെ 137 വിവാഹങ്ങള്‍ നടന്നതായാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ വി ഗോപിനാഥ് പറയുന്നത്.
പുലര്‍ച്ചെ നാല് മണിക്ക് കണ്ണൂര്‍ തലശ്ശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തിയതോടെയാണ് റെക്കോര്‍ഡ് വിവാഹങ്ങള്‍ക്ക് തുടക്കമായത്. ടോക്കണ്‍ അനുസരിച്ചാണ് വിവാഹങ്ങള്‍ പുരോമിക്കുന്നത്. ഊഴത്തിന് അനുസരിച്ച്‌ ആളുകളെ വിളിച്ച്‌ എത്രയും വേഗം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയും ഓണത്തിന് മുന്‍പുള്ള ആദ്യത്തെ ഞായറാഴ്ചയും ആയതിനാലാണ് ഇന്ന് ഇത്രയും വിവാഹങ്ങള്‍ നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിവാഹങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം വേദിയാകുന്നത്. ആറ് മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വിവാഹങ്ങള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post