പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; ആരോപണവിധേയരായ ഡോക്ടര്‍മാരെ നാളെ ചോദ്യം ചെയ്യും


പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടർമാരെ നാളെ ചോദ്യം ചെയ്യും.പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരോട് നാളെ സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിദഗ്ധ ഡോക്ടർമാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോർഡും രൂപീകരിച്ചു. കുഞ്ഞിനെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രീഷൻ ആശ നിർമല്‍, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കേസില്‍ പ്രതി ചേർത്ത അനസ്തീഷ്യ നല്‍കിയ ഡോക്ടർ അഞ്ജലിയുടെ ഫോണ്‍ ഇപ്പോഴും സ്വിച്ച്‌ ഓഫാണ്. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനല്‍ യോഗം ചേർന്ന ശേഷം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കും. ബേബി മെമ്മോറിയല്‍ ആശുപത്രി ഡോക്ടർമാരുടെ വിശദീകരണവും രേഖപ്പെടുത്തും. തുടർന്ന് റിപ്പോർട്ട്‌ ഡിഎംഒക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആകും പൊലീസും തുടർനടപടി സ്വീകരിക്കുന്നത്.
സംഭവത്തില്‍ പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ഡിഎംഒക്ക് കൈമാറിയിട്ടുണ്ട്. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്‌. ഒരു സെന്റി മീറ്ററില്‍ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചു. മെഡിക്കല്‍ ബോർഡ്‌ യോഗം 17ന് ചേരുമെന്നാണ് വിവരം.

Post a Comment

Previous Post Next Post