കണ്ണൂർ: മണ്‍സൂണ്‍ കാലയളവില്‍ മത്സ്യങ്ങളുടെ പ്രജനനം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധ രാത്രിയോടെ അവസാനിക്കും.നാളെ മുതല്‍ മീൻ പിടുത്ത ബോട്ടുകള്‍ തിരികെ കടലിലിറങ്ങും. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സ്യ ബന്ധനം സജീവമാകും. ഇതിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മത്സ്യ തൊഴിലാളികള്‍.
ജൂണ്‍ ഒമ്പതിന് അർധ രാത്രി മുതലാണ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ നിരോധനം അവസാനിക്കുന്നതോടെ മത്സ്യതൊഴിലാളികള്‍ക്ക് ചാകരയാണ് ഇനിയുള്ള പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ആയിക്കര ഹാർബറില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്തി ലഭിച്ചത് ഏറെ പ്രതീക്ഷയാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്.
ബോട്ടുകള്‍ അറ്റകുറ്റപണി നടത്തിയും പഴയ വലകളുടെ കേടുപാടുകള്‍ നന്നാക്കിയും പുതിയ വലകള്‍ വാങ്ങിയും ബോട്ടുകളില്‍ ഇന്ധനം നിറച്ചും കടലില്‍ പോകാനൊരുങ്ങുകയാണ് തൊഴിലാളികള്‍. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ബോട്ടുകളില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ എല്ലാവരും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുകയാണ്.
ആയിക്കര ഹാർബറുകളിലെ യന്ത്ര ബോട്ടുകള്‍ ട്രോളിംഗ് നിരോധനത്തെ തുടർന്ന് അഴീക്കലിലേക്ക് മാറ്റിയിരുന്നു. ഇവയും തിരിച്ച് ആയിക്കരയിലെത്തും. കൂടാതെ, യന്ത്രവത്കൃത ബോട്ടുകളുടെ സുരക്ഷാ പരിശോധനയും പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തോടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിപണിയില്‍ മത്സ്യ വില കുത്തനെ ഉയർന്നിരുന്നു. മത്തി, അയല, ചെമ്മീൻ തുടങ്ങിയ പ്രധാന മത്സ്യങ്ങള്‍ക്ക് തൊട്ടാൻ പൊള്ളുന്ന വിലയായിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യ വില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. മണ്‍സൂണ്‍ കാലാവസ്ഥ തുടരുന്നതിനാല്‍ കടലില്‍ സുരക്ഷാ മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്.
Post a Comment