തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേക യാത്രാകാർഡ് നല്‍കുന്നത് സർക്കാർ പരിഗണിക്കുന്നു.പദ്ധതിയുടെ ദുരുപയോഗം തടയാനും ടിക്കറ്റ് വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനുമാണ് ഈ നീക്കം.
ദൂരയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത ശേഷം ഇടയില്‍ യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഗതാഗത വകുപ്പിന് ലഭിച്ചിട്ടുള്ളത്. പദ്ധതി കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, കാർഡ് സംവിധാനം നടപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. പ്രതിദിനം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം ഒന്നേമുക്കാല്‍ കോടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള അർഹതയുള്ളതിനാല്‍ കാർഡ് വിതരണം വലിയ ദൗത്യമായി മാറും.
ഒരു കാർഡ് തയ്യാറാക്കാൻ ഏകദേശം 40 രൂപ ചെലവ് വരുമെന്നാണ് കണക്ക്. ആധാർ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഓരോ കാർഡും നല്‍കാൻ കുറഞ്ഞത് 10 മിനിറ്റെങ്കിലും വേണ്ടിവരും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും നിലവില്‍ ഡിപ്പോകളില്‍ ഇല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കാർഡ് സംവിധാനം നിലവില്‍ വന്നാലും ദുരുപയോഗ സാധ്യത പൂർണമായും ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. കാർഡുകള്‍ മറ്റൊരാള്‍ക്ക് കൈമാറി ഉപയോഗിക്കാനോ, ദുരുപയോഗത്തിന് ഇടയാക്കാനോ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കാര്യക്ഷമമായ സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും ഗതാഗത വകുപ്പ് വിലയിരുത്തുന്നു.
Post a Comment