തളിപ്പറമ്പ് : മിണ്ടാപ്രാണിയായ ഒരു ജീവി എത്രത്തോളം വേദന സഹിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കണ്ണൂർ കാക്കാത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിയുന്ന ഒരു കാളയുടെ അവസ്ഥ കണ്ടാല്‍ ആരുടെയും മനസ്സ് നൊന്തുപോകും.
കഴുത്തില്‍ കെട്ടിയ കയർ മുറുകി വണം രൂപപ്പെട്ട അവസ്ഥയിലാണ് ഈ കാളയുള്ളത്. കാക്കാത്തോട് ബസ്സ്സ്റ്റാന്റ് പരിസരങ്ങളില്‍ അലഞ്ഞ് തിരിയുന്ന പശുക്കളുടെ കൂട്ടത്തിലാണ് കാള നരകയാതന അനുഭവിക്കുന്നത്. നേരത്തെ ഉടമ ഇതിന്റെ കഴുത്തില്‍ കൊമ്പുകള്‍ക്കിടയിലൂടെ കെട്ടിയ കയർ അഴിച്ചിരുന്നില്ല. കാള വളരുന്നതിനനുസരിച്ച് കയർ കഴുത്തില്‍ മുറുകയും ചെയ്തു. ഇത്തരത്തില്‍ കഴുത്തിന് ചുറ്റം വ്രണം രൂപപ്പെട്ടിരിക്കുകയാണ്. മുറിവ് സംഭവിച്ചതോടെ മാംസവുമായി കയർ അലിഞ്ഞുചേർന്ന അവസ്ഥയിലാണുള്ളത്.
ഏറെ അസ്വസ്ഥതയും വേദനയും ഉണ്ടെന്ന് കാളയുടെ പെരുമാറ്റം കണ്ടാല്‍ മനസിലാകും. കാലുകള്‍ ഉപയോഗിച്ച് ഈ ഭാഗത്ത് ഇടക്കിടെ ചൊറിയാൻ ശ്രമിക്കുന്നതും കാണാം. മറ്റു പശുക്കളും സഹായത്തിനെത്തുന്ന കാഴ്ചയാണുള്ളത്. ഉടമ ഇടപെട്ട് എത്രയും വേഗം കാളയുടെ കയർ അഴിച്ച് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാർ പറയുന്നത്. പശുക്കളെ നഗരത്തില്‍ ഉടമകള്‍ അഴിച്ചു വിടുന്നത് പതിവ് കാഴ്ചയാണ്. മഴക്കാലമായതിനാല്‍ വലിയ ബുദ്ധിമുട്ടാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.
Post a Comment