അപൂർവ കാഴ്ചയായി മൂന്ന് കാലുള്ള കോഴിക്കുഞ്ഞ്


കണിച്ചാർ: എൻ.ആർ.എ നഗറിലെ കോഴി വളർത്തു ഫാമിൽ മൂന്ന് കാലുള്ള കോഴിക്കുഞ്ഞ് നാട്ടുകാർക്ക് കൗതുകക്കാഴ്ചയാകുന്നു. ഇടത്തൊട്ടിയില്‍ സുസ്മി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഈ അപൂർവ കോഴിക്കുഞ്ഞുള്ളത്.
കഴിഞ്ഞ ദിവസം ഉളിക്കലില്‍ നിന്നും ഫാമിലേക്ക് പുതിയതായി എത്തിച്ച കോഴിക്കുഞ്ഞുങ്ങളെ പരിശോധിച്ച്‌ തരം തിരിക്കുന്നതിനിടെയാണ് മൂന്നു കാലുള്ള കോഴിക്കുഞ്ഞ് ഉടമയുടെ ശ്രദ്ധയില്‍ പെട്ടത്. സാധാരണയുള്ള രണ്ട് കാലുകള്‍ക്ക് പുറമേ പിൻഭാഗത്തായാണ് മൂന്നാമത്തെ കാല് വളർന്നിട്ടുള്ളത്.
കഴിഞ്ഞ 15 വർഷമായി ചെറിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, വളർത്തി വലുതാക്കി വിൽക്കുന്ന ഫാം നടത്തിവരികയാണ് സുസ്‌മി ഷിബു. ഈ കാലയളവിൽ ചുണ്ടുകള്‍ ഇല്ലാത്തവ ഉള്‍പ്പെടെ പലതരത്തില്‍ വൈകല്യമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നു കാലുകളുള്ള കോഴിക്കുഞ്ഞിനെ ആദ്യമായാണ് കാണുന്നതെന്ന് സുസ്മി പറഞ്ഞു.
മൂന്നു കാലുകള്‍ ഉണ്ടെങ്കിലും നടക്കാനോ മറ്റ് കാര്യങ്ങൾക്കോ ഇതിന് ബുദ്ധിമുട്ടുകളൊന്നുമില്ല. മറ്റ് കോഴിക്കുഞ്ഞുങ്ങളോടൊപ്പം തന്നെ സാധാരണപോലെ ഓടിനടക്കുന്നതിനാൽ ഈ കോഴിക്കുഞ്ഞിനെ പ്രത്യേകം ശ്രദ്ധ നൽകി വളർത്തി വലുതാക്കാനാണ് ഉടമയായ സുസ്‌മി ഷിബുവിന്റെ തീരുമാനം. കൗതുകമുണർത്തുന്ന ഈ കോഴിക്കുഞ്ഞിനെ കാണാൻ നിരവധിപ്പേരാണ് ഫാമിലേക്ക് എത്തുന്നത്.

Post a Comment

Previous Post Next Post