ഭാര്യക്ക് മറ്റൊരാളുമായി ബന്ധം, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കോടതി അമ്മയ്ക്കൊപ്പം വിട്ടു; കട്ടപ്പനയില്‍ സ്വകര്യ ബസ് കണ്ടക്ടര്‍ വിഷം കഴിച്ച്‌ ജീവനൊടുക്കി


ഇടുക്കി: ഇടുക്കി കുമളിയില്‍ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തില്‍ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട് .കോഴിമല സ്വദേശിയായ ബസ് കണ്ടക്ടർ രഞ്ജീഷാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടത്.

ആറ് വർഷത്തോളമായി താൻ ഒറ്റയ്ക്ക് വളർത്തിയ മകനെ കോടതി ഉത്തരവിനെ തുടർന്ന് അമ്മയ്ക്കൊപ്പം വിട്ടയക്കേണ്ടി വന്നതിലുള്ള കടുത്ത മാനസിക വേദനയാണ് രഞ്ജീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ആറു വർഷം മുൻപാണ് രഞ്ജീഷിന്റെ ഭാര്യ ജോലിക്കായി ഷാർജയിലേക്ക് പോകുന്നത്. തുടർന്ന് കോഴിമലയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം രഞ്ജീഷാണ് മകനെ നോക്കി വളർത്തിയത്. പിന്നീട് ഭാര്യ വിദേശത്ത് മറ്റൊരാളുമായി ബന്ധത്തിലായെന്നും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും കുടുംബം ആരോപിക്കുന്നു.
എന്നാല്‍, ഒരു മാസം മുൻപ് നാട്ടിലെത്തിയ ഇവർ മകനെ തനിക്കൊപ്പം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുകൂല ഉത്തരവ് നല്‍കിയതോടെ, ഇത്രയും കാലം തന്റെ ലോകമായിരുന്ന മകനെ രഞ്ജീഷിന് വിട്ടുനല്‍കേണ്ടി വന്നു.
മകനെ പിരിഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു രഞ്ജീഷെന്ന് പഞ്ചായത്ത് അംഗം റോബിൻ കാരക്കാടൻ പറഞ്ഞിരുന്നു. മകനില്ലാത്ത ജീവിതം താങ്ങാനാകാതെ വന്നതോടെയാണ് ഒരാഴ്ച മുൻപ് രഞ്ജീഷ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.

നാട്ടുകാരോടും സുഹൃത്തുക്കളോടും എപ്പോഴും സ്നേഹത്തോടെയും ചിരിയോടെയും മാത്രം പെരുമാറിയിരുന്ന രഞ്ജീഷിന്റെ വിയോഗം പ്രദേശവാസികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
രഞ്ജീഷിന്റെ മരണശേഷവും മകനെ അവസാനമായി ഒരു നോക്ക് കാണിക്കാൻ പോലും അമ്മ തയ്യാറായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അച്ഛന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ മകനെ അയക്കില്ലെന്ന നിലപാടിലായിരുന്നു അവർ. ഒടുവില്‍ വീണ്ടും കോടതിയെ സമീപിച്ചാണ് അന്ത്യകർമങ്ങള്‍ക്കായി കുട്ടിയെ വീട്ടിലെത്തിച്ചത്.
മകന് വേണ്ടി മാത്രം ജീവിച്ച സ്നേഹസമ്പന്നനായ ഒരു പിതാവിന്റെ ദുരന്തം സമൂഹമാധ്യമങ്ങളിലും വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയുള്ള രഞ്ജീഷിന്റെ വിഡിയോകളും ചിത്രങ്ങളും പങ്കുവെച്ചാണ് സുഹൃത്തുക്കളും സൈബർ ലോകവും ഇപ്പോള്‍ ആദരാഞ്ജലികള്‍ അർപ്പിക്കുന്നത്. ആരെയും നോവിക്കാത്ത പ്രകൃതക്കാരനായ രഞ്ജീഷിന്റെ വേർപാട് നാടിന് തീരാനൊമ്പരമായി മാറുകയാണ്.




Post a Comment

Previous Post Next Post