കുണ്ടറ കസ്റ്റഡി മരണം: 'അച്ഛന് സുഖമില്ലെന്ന് നേരത്തെ പറഞ്ഞില്ലേ'; പൊലീസുകാരനും സിയാദിന്റെ മകളും തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത്

 




കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും മരിച്ച സിയാദിന്‍റെ മകളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു.

അച്ഛന് സുഖമില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നുമാണ് സംഭാഷണത്തിലുള്ളത്. സിയാദ് പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.



സിയാദിന്‍റെ മരണശേഷം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനുമായി മകള്‍ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

'എന്‍റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ, സാറ് പപ്പയെ മർദിച്ചിരുന്നെന്ന് പപ്പ പറഞ്ഞിരുന്നു...' എന്നാണ് മകള്‍ പറയുന്നത്. ഇങ്ങനെയെല്ലാം പറയുമ്പോഴും കുറ്റം നിഷേധിക്കുകയാണ് ഫോണില്‍ സംസാരിക്കുന്ന പൊലീസുകാരൻ.

'മർദിച്ചതിന് ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. ആശുപത്രിയില്‍ പോയപ്പോള്‍ ആരാണ് ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മുഴുവൻ പഴുത്തിരുന്നു. സീരിയസായിട്ട് കിടന്നു. സാറിന്റെ അടുത്ത് നൂറുവട്ടം ഞാൻ പറഞ്ഞതാ...വയ്യാത്ത ആളാണെന്ന്, ഞങ്ങള്‍ക്ക് ആരും ഇല്ലാതായി...'-എന്നും പറയുന്നുണ്ട്. ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോർഡാണ് പുറത്തുവന്നത്.

കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ജൂണ്‍ 16ന് രാത്രിയാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പൊലീസ് സൊസൈറ്റിമുക്ക് സ്വദേശി സിയാദിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്.

Post a Comment

Previous Post Next Post