കർണാടകയിലെ കോളേജുകളില്‍ എച്ച്‌ഐവി പരിശോധന നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകള്‍ തള്ളി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (KSAPS).സംസ്ഥാനത്തെ 7,000 കോളേജ് വിദ്യാർത്ഥികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങളും തെറ്റാണെന്ന് കെഎസ്‌എപിഎസ് വ്യക്തമാക്കി.
ജൂലൈ 29-ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകള്‍ പുറത്തുവന്നതെന്ന് KSAPS പറഞ്ഞു. കോളേജ് വിദ്യാർത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എച്ച്‌ഐവി പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി നടപ്പാക്കുന്ന മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ (MAS) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത്. എട്ട് മാസം നീളുന്ന റെഡ് റിബണ്‍ ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എച്ച്‌ഐവി ആൻഡ് എയ്ഡ്സ് (പ്രിവൻഷൻ ആൻഡ് കണ്‍ട്രോള്‍) ആക്‌ട് പ്രകാരം എച്ച്‌ഐവി പരിശോധന നിർബന്ധമാക്കാൻ കഴിയില്ലെന്നും അതിനാല്‍ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
ചികിത്സാ കണക്കുകളില്‍ കോളേജ് വിദ്യാർത്ഥികളെ ഉള്‍പ്പെടുത്തിയാണ് ചില റിപ്പോർട്ടുകള്‍ പുറത്തുവന്നതെന്നാണ് വിവരം. 2004 മുതല്‍ 18നും 35നും ഇടയില്‍ പ്രായമുള്ള 39,028 എച്ച്‌ഐവി ബാധിതർ ആന്റിറെട്രോവൈറല്‍ തെറാപ്പി (ART) ചികിത്സ സ്വീകരിക്കുന്നുണ്ടെന്നും ഈ കണക്ക് തെറ്റായി വ്യാഖ്യാനിച്ച് 7,000 കോളേജ് വിദ്യാർഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന രീതിയില്‍ വാർത്തകള്‍ വന്നതാണെന്നും സംഘടന പറഞ്ഞു.
എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്ത് നിലവില്‍ ഏകദേശം 2.60 ലക്ഷം പേർ എച്ച്‌ഐവി ബാധിതരാണ്. ഇതില്‍ 2.05 ലക്ഷം പേർ ആന്റിറെട്രോവൈറല്‍ തെറാപ്പി ചികിത്സ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഏകദേശം 54,000 പേർക്ക് രോഗബാധയെക്കുറിച്ച് അറിവില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
Post a Comment