സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം തട്ടിയെടുത്തു; മുൻ ജീവനക്കാരായ യുവതിയും യുവാവും അറസ്റ്റില്‍


കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർമാർക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്ഥാപനത്തിലെ മുൻ കാഷ്യറും മുൻ ജീവനക്കാരനും പൊലീസ് പിടിയിലായി.

മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശിനി സനമോള്‍ എം.എ. (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
2022 മെയ് മുതല്‍ 2025 ഒക്ടോബർ വരെ ബില്ലിംഗ് വിഭാഗത്തിലെ കാഷ്യറായി ജോലി ചെയ്തിരുന്ന സനമോള്‍, ദിവസേന ക്യാഷ് കൗണ്ടറില്‍ നിന്ന് പണം അപഹരിച്ച്‌ മുൻ ജീവനക്കാരനായ രഞ്ജുവിന് കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത തുക രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് സൂക്ഷിച്ചിരുന്നത്.
സൂപ്പർമാർക്കറ്റിലെ വില്‍പ്പന കണക്കും ലഭിച്ച വരുമാനവും തമ്മില്‍ തുടർച്ചയായി പൊരുത്തക്കേട് കണ്ടെത്തിയതോടെ സ്ഥാപന ഉടമ സനമോളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചു. തുടർന്ന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ അന്വേഷണം ശക്തമായതോടെ സനമോള്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി നേപ്പാള്‍ വഴി ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൊച്ചിയിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post