ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ മരിച്ചു


ഗുണ്ടല്‍പേട്ട്: ഊട്ടിയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ കണ്ണൂർ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു.കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മൂന്നര വയസ്സുകാരൻ മോഹിസ് സിദാൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കർണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപം വെച്ച്‌ എതിരെ വന്ന ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ഗുണ്ടല്‍പേട്ടിലെയും മൈസൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഗുണ്ടല്‍പേട്ട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post