വാട്ട്‌സാപ്പ്, ടെലിഗ്രാം ഉപയോഗിക്കാൻ ഇനി ഫോണില്‍ ആക്ടീവ് സിം നിര്‍ബന്ധം

ഡല്‍ഹി: വാട്ട്‌സാപ്പ്, ടെലിഗ്രാം ഉള്‍പ്പെടെയുള്ള ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് സുപ്രധാന നിർദേശവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി).ആക്ടീവ് സിം കാർഡ് ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ സേവനം ഇനി ലഭ്യമല്ല. ഇന്ത്യയുടെ പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ ഭാഗമായാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്‌ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ എല്ലാ ജനപ്രിയ ആപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. പുതിയ മാർഗ്ഗനിർദേശപ്രകാരം, ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബറുള്ള സിം കാർഡ് ഫോണില്‍ സജീവമല്ലെങ്കില്‍ ആപ്പുകള്‍ പ്രവർത്തിപ്പിക്കാൻ സാധിക്കുകയില്ല. ഈ നിർദേശം 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കണം എന്ന് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഡിഒടി നിർദേശം നല്‍കിയിട്ടുണ്ട്.
സൈബർ സുരക്ഷാ നടപടികള്‍ കർശനമാക്കുന്നു
നിലവില്‍ മിക്ക ആപ്ലിക്കേഷൻ സേവനങ്ങളും ഒരു ഉപയോക്താവിൻ്റെ മൊബൈല്‍ നമ്ബർ ഇൻസ്റ്റാളേഷൻ സമയത്ത് മാത്രമാണ് പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നത്. അതിനുശേഷം സിം കാർഡ് നീക്കം ചെയ്യുകയോ നിർജ്ജീവമാക്കുകയോ ചെയ്‌താലും ആപ്പ് പ്രവർത്തിക്കും.
ഇത് ആപ്പുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ പഴുതടയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കി.

Post a Comment

Previous Post Next Post