തീരാത്ത പ്രതിസന്ധി: ‍കെഎസ്‌ആര്‍ടിസിയില്‍ ഇന്നും സര്‍വീസ് മുടങ്ങും



തിരുവനന്തപുരം : ഡീസല്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സിയില്‍ ഇന്നും സര്‍വീസുകള്‍ മുടങ്ങും.തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ ക്ഷാമം കെ എസ് ആര്‍ ടി സിയെ വലയ്ക്കുന്നത്.

ഇന്ന് പ്രവൃത്തി ദിനമായതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ പരമാവധി ബസുകള്‍ നിരത്തിലിറക്കുമെന്നാണ് കെ എസ് ആര്‍ ടി സി പറയുന്നത്. കിലോമീറ്ററിന് 35 രൂപക്ക് മുകളില്‍ വരുമാനം കിട്ടുന്ന ട്രിപ്പുകള്‍ റദ്ദാക്കില്ല.

യാത്രാക്ലേശം അനുഭവപ്പെടുന്ന റൂട്ടുകള്‍ കണ്ടെത്തിയും, തിരക്ക് അനുസരിച്ച്‌ സര്‍വീസുകള്‍ ക്രമീകരിച്ചുമാകും ബസുകള്‍ ഓടിക്കുക. ഇന്നത്തെ കളക്ഷനില്‍ നിന്നും ഒരു കോടി രൂപ ഡീസലിനായി മാറ്റിവെക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്താകെ ആയിരത്തോളം സര്‍വീസുകള്‍ റദാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി മറ്റന്നാള്‍ കെ എസ് ആര്‍ ടി സി യുടെ അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ.

കെ എസ് ആ‍ര്‍ ടി സിയിലെ ഇന്ധന പ്രതിസന്ധിയില്‍ ഇന്നും വല‌ഞ്ഞത് അധികവും സാധാരണക്കാരായ മലയോര നിവാസികളാണ്. കണ്ണൂരിലും മാനന്തവാടിയിലും ഓര്‍ഡിസറി ബസ്സ് സ‍ര്‍വീസ് പൂ‍ര്‍ണമായി നിലച്ചു. പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയിലേക്കും കൊല്ലത്തെ മലയോര മേഖലകളിലേക്കും വളരെ കുറച്ച്‌ സര്‍വീസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സി നടത്തിയത്. കോഴിക്കോട് വേണ്ടെന്ന് വെച്ച സര്‍വീസുകള്‍ അധികവും വയനാട് ജില്ലയിലേക്കുള്ളതായിരുന്നു. കണ്ണൂരില്‍ നിന്ന് ഇന്നലെ വെറും ഒന്‍പത് ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. സാധാരണ 45 ദീ‍ര്‍ഘദൂര ബസ്സുകളാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താറുള്ളത്. ഇന്നലെത്തെ കളക്ഷന്‍ തുക ഉപയോഗിച്ച്‌ ഡീസലടിച്ചും സ‍ര്‍വീസുകള്‍ ക്ലബ് ചെയ്തും മറ്റിടങ്ങളില്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു.

Post a Comment

Previous Post Next Post