പരിയാരത്ത് ഗുഡ്‌സ് ഓട്ടോ പഴക്കച്ചവടക്കാർ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽ


പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ അടിപ്പാതയിൽ ഗുഡ്‌സ് ഓട്ടോറിക്ഷകളിൽ പഴക്കച്ചവടം നടത്തുന്നവർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. അക്രമത്തിൽ കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീന് (വയറ്റിലും വലതുകൈക്കും) ഗുരുതരമായി കുത്തേറ്റു. സംഭവത്തിൽ കുറ്റാരോപിതനായ റഷാദിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മെഡിക്കൽ കോളേജിന് മുന്നിലെ അടിപ്പാതയിൽ ഗുഡ്‌സ് വാഹനങ്ങളിൽ പഴങ്ങൾ വിൽപ്പന നടത്തിവരികയായിരുന്ന റഷാദും ഷറഫുദ്ദീനും തമ്മിൽ കച്ചവടവുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ റഷാദ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഷറഫുദ്ദീനെ ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ഷറഫുദ്ദീനെ ഉടൻതന്നെ സമീപത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ പരിയാരം പോലീസ് റഷാദിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post