നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ വെള്ളിത്തിരയില്‍ വിസ്മയമൊരുക്കിയ 'രാമായണം' തിയേറ്ററുകളില്‍ തരംഗം തീർക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജഡായുപ്പാറയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക്.
രാവണന്റെ പിടിയില്‍ നിന്ന് സീതയെ മോചിപ്പിക്കാൻ ജീവൻ ബലിനല്‍കിയ ജഡായുവിന്റെ വീരവും ത്യാഗവും സിനിമയില്‍ വലിയ ചർച്ചയായതോടെയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന കൊച്ചു ഗ്രാമം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്.
സീതയെ തട്ടിക്കൊണ്ടുപോയി പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് പറക്കുന്ന രാവണനെ ആകാശത്തുവെച്ച് തടയുന്ന ജഡായുവിന്റെ പോരാട്ടം പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന അനുഭവമാണ്. പ്രായാധിക്യം വകവെയ്ക്കാതെ രാവണന്റെ ചന്ദ്രഹാസമെന്ന വാളിനെ ധീരമായി നേരിടുന്ന ജഡായുവിന്റെ രംഗങ്ങള്‍ തിയേറ്ററുകളില്‍ വലിയ കൈയടിയാണ് നേടുന്നത്. രാമന്റെ കൈകളില്‍ കിടന്ന് ജീവൻ വെടിയുന്ന ജഡായുവിന് ഒരു മകനെപ്പോലെ രാമൻ അന്ത്യകർമങ്ങള്‍ ചെയ്യുന്നതും, സീതയെ വീണ്ടെടുക്കുമെന്ന് രാമൻ പ്രതിജ്ഞയെടുക്കുന്നതുമെല്ലാം സിനിമയിലെ ഏറ്റവും വൈകാരിക മുഹൂർത്തങ്ങളില്‍ ഒന്നാണ്. അനുപം ഖേറിന്റെ ശബ്ദസാന്നിധ്യവും വിഷ്വല്‍ എഫക്റ്റുകളും കൂടി ചേരുമ്പോള്‍ ജഡായുവിന്റെ കഥാപാത്രം കൂടുതല്‍ ജീവസ്സുറ്റതായി മാറുന്നു. രണ്‍ബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും സായ് പല്ലവി സീതയായും വേഷമിടുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്.
Post a Comment