പെരുമ്പാവൂരില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ചു. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമമാണ് പ്രതി നടത്തിയത്.
പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകള്‍ക്കും സാരമായി പരിക്കേറ്റു. പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂരിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയെയും അദിനാന്‍ ആക്രമിച്ചു. ഇദ്ദേഹത്തിനും പരുക്കുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അദിനാന്‍ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ തിരച്ചിലില്‍ പ്രദേശത്തുള്ള ഒരു കുറ്റിക്കാട്ടില്‍നിന്നും ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Post a Comment