കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട: 51.54 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


കണ്ണൂർ: തളാപ്പില്‍ വൻ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ.യുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗണ്‍ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

പഴയങ്ങാടി സ്വദേശി ഉദയ് കൃഷ്ണ (25), ചിറക്കല്‍ സ്വദേശി കെ. വിഷ്ണു (24), പള്ളിക്കുന്ന് സ്വദേശി പി. ഹ്രിദിൻ (27) എന്നിവരാണ് അറസ്റ്റിലായത്.
ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. കൊയിലി ആശുപത്രിക്ക് സമീപം വാഹനങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് സംഘം വളഞ്ഞുപിടികൂടിയത്. ഇവരുടെ കൈവശത്തുനിന്നും 51.54 ഗ്രാം എംഡിഎംഎ.യും ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കണ്ണൂർ ടൗണ്‍ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടി.കെ. അഖില്‍, എസ്‌ഐ ഹരികൃഷ്ണൻ സിപിഒമാരായ നിതിൻ, സജേഷ്, നിഷാന്ത്, ഡാൻസാഫ് എസ്‌ഐ ജെ. ഷജീമിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ. അജിത്ത്, മഹേഷ്, സിപിഒമാരായ ഹരിനാഥ്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.

Post a Comment

Previous Post Next Post