തിരുവനന്തപുരം: യാത്രാനിരക്ക് പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 12-ന് ഓട്ടോ-ടാക്സി സംയുക്ത തൊഴിലാളി യൂണിയൻ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. 24 മണിക്കൂർ നീളുന്ന പണിമുടക്ക് നവംബർ 11 അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
വാഹനങ്ങളുടെ മിനിമം നിരക്ക് കാലോചിതമായി വർധിപ്പിക്കുക എന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. കഴിഞ്ഞ നാലര വർഷത്തിനിടെ ഇന്ധനവില പതിനാറിലധികം തവണ കൂട്ടിയെന്നും ഇൻഷുറൻസ്, സ്പെയർ പാർട്സ് അടക്കമുള്ള മറ്റ് ചെലവുകൾ ഇരട്ടിയായെന്നും സംഘടനകൾ വ്യക്തമാക്കുന്നു. ചെലവുകൾക്കനുസരിച്ച് യാത്രാനിരക്കിൽ മാറ്റം വരുത്താത്തത് തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ മിനിമം ചാർജ് 50 രൂപയാണെന്നും കേരളത്തിലും സമാനമായ രീതിയിൽ നിരക്ക് പുനർനിർണയിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. നേരത്തെ ഗതാഗത വകുപ്പിന് ഇത് സംബന്ധിച്ച് നിവേദനം നൽകുകയും സെക്രട്ടേറിയറ്റ് പടിക്കൽ പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടും അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് യൂണിയനുകളുടെ പരാതി. നവംബർ 12-ലെ സൂചനാ പണിമുടക്കിന് ശേഷവും സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
Post a Comment