കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പലചരക്ക് കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും വരുന്നു




കൊച്ചി: യാത്രക്കാർക്ക് ട്രെയിനിറങ്ങി സ്റ്റേഷനില്‍ നിന്നുതന്നെ വീടുകളിലേക്കുള്ള അരിയും പലചരക്കു സാധനങ്ങളും നിത്യോപയോഗ വസ്തുക്കളും വാങ്ങാൻ സാധിക്കുന്ന പുതിയ സംവിധാനം സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നു.യാത്രക്കാരുടെ സൗകര്യാർത്ഥം പ്ലാറ്റ്‌ഫോമുകളില്‍ പലചരക്ക് ഔട്ട്‌ലെറ്റുകള്‍ആരംഭിക്കാൻ ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നു.റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്
ആദ്യഘട്ടമായി എറണാകുളം ടൗണ്‍, ആലുവ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ ടെൻഡറുകള്‍ ക്ഷണിച്ചുകഴിഞ്ഞു. പ്ലാറ്റ്‌ഫോമുകളില്‍ 60 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇത്തരം ചെറിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക. ഒരു മാസത്തിനകം ഈ കടകള്‍ പ്രവർത്തനസജ്ജമാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ റെയില്‍വേയുടെ തന്നെ ചെന്നൈ ഡിവിഷനില്‍ കഴിഞ്ഞ വർഷം സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു
കൂടാതെ, തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ വലിയ സൂപ്പർമാർക്കറ്റുകള്‍ തുറക്കാനും ദക്ഷിണ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവില്‍ ഇരിങ്ങാലക്കുട, ചിറയിൻകീഴ്, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളാണ് ഇതിനായി പ്രാഥമികമായി പരിഗണനയിലുള്ളത്. സ്റ്റേഷനുകളിലെ സ്ഥലലഭ്യത അനുസരിച്ച്‌ രണ്ട് നിലകളിലായി 2,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വിപുലമായ സൂപ്പർമാർക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ടെൻഡറുകള്‍ ഒരു മാസത്തിനകം ക്ഷണിക്കുമെന്നും മൂന്ന് മാസത്തിനുള്ളില്‍ സൂപ്പർമാർക്കറ്റുകള്‍ യാഥാർത്ഥ്യമാക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post