ചെങ്ങളായി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ നടുവിൽ സ്വദേശിക്ക് ചെങ്ങളായി ഗ്രാമപഞ്ചായത്ത് 5,000 രൂപ പിഴ ചുമത്തി. ചെങ്ങളായി കൊളത്തൂർ അമ്മന്തലയിലെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് അടക്കമുള്ള വീട്ടുമാലിന്യങ്ങൾ വൻതോതിൽ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടുവിൽ സ്വദേശി സക്കീനയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തള്ളിയ മാലിന്യങ്ങൾ ഇവരെക്കൊണ്ട് തന്നെ സ്ക്വാഡ് പൂർണ്ണമായി നീക്കം ചെയ്യിച്ചു.
പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ യു.പി., ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി, എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ സിജുൽ, സ്ക്വാഡ് അംഗങ്ങളായ പി.വി. രാജേഷ്, പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിച്ച് കൃത്യമായി സംസ്കരിക്കാത്തവർക്കെതിരെയും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും വരുംദിവസങ്ങളിലും കർശന നടപടിയും പരിശോധനയും തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
.

Post a Comment