ഒടുവള്ളി വളവിൽ മാലിന്യപ്രശ്നം രൂക്ഷം; മഴവെള്ളത്തോടൊപ്പം റോഡിലേക്ക് മാലിന്യം ഒഴുകിയെത്തുന്നു

 


നടുവിൽ: തളിപ്പറമ്പ്–വായിക്കമ്പ അന്തർസംസ്ഥാന അതിർത്തി പാതയിലെ ഒടുവള്ളി വളവുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു. ഓവുചാലുകൾ മാലിന്യം അടിഞ്ഞ് മൂടിക്കിടക്കുന്നതിനാൽ മഴവെള്ളത്തിനൊപ്പം ഇവ റോഡിലേക്ക് ഒഴുകിയെത്തി റോഡരികിലാകെ ചിതറിക്കിടക്കുന്ന അവസ്ഥയാണ്. മുകളിലത്തെ വളവു മുതൽ ഹാജി വളവുവരെയുള്ള ഭാഗത്താണ് പ്രധാനമായും മാലിന്യം തള്ളിയിരിക്കുന്നത്.

കുടക് മലനിരകളും പൈതൽമലയുമൊക്കെ ഭംഗിയായി കാണാൻ സാധിക്കുന്ന വഴിയായതിനാൽ നിരവധി യാത്രക്കാരാണ് ഇവിടെ കാഴ്ചകൾ ആസ്വദിക്കാനായി വാഹനങ്ങൾ നിർത്തി വിശ്രമിക്കുന്നത്. എന്നാൽ ഈ ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം വലിച്ചെറിഞ്ഞിരിക്കുകയാണ്. വീടുകളിൽനിന്നും കടകളിൽനിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിലെത്തിച്ച് തള്ളുന്ന മാലിന്യങ്ങളാണ് ഇവയിൽ ഏറിയപങ്കും.

സമീപകാലം വരെ നാട്ടുകാരുടെയും പരിസരവാസികളുടെയും കൂട്ടായ ശ്രമത്തിലൂടെ ഈ പാതയോരം വൃത്തിയായി പരിപാലിച്ചിരുന്നു. എന്നാൽ ഏകദേശം ഒരു കിലോമീറ്ററോളം വിജനമായി കിടക്കുന്ന ഈ ഭാഗത്ത്, ആരുമില്ലാത്ത തക്കം നോക്കി മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് ഉടൻ നിരീക്ഷണ ക്യാമറകൾ (CCTV) സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ഇവർക്കെതിരെ കനത്ത പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post