തമിഴ്‌നാട്ടില്‍ പെരുമഴ: ഊട്ടി, കൊടൈക്കനാല്‍ റോഡുകളില്‍ മണ്ണിടിച്ചില്‍; നീലഗിരിയില്‍ ബസ്സിന് മുകളിലേക്ക് മണ്ണ് വീണു, വിനോദ സഞ്ചാരത്തിന് വിലക്ക്


ചെന്നൈ: തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് ഊട്ടി - മേട്ടുപ്പാളയം റോഡിലും കൊടൈക്കനാല്‍ മേഖലയിലും വൻ മണ്ണിടിച്ചിലുണ്ടായി.

ഊട്ടി-മേട്ടുപ്പാളയം പാതയിലെ ബൂർളിയാറിന് സമീപം നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു.(Tamil Nadu Heavy Rains Landslide Ooty Mettupalayam Road Traffic Disrupted)
എന്നാല്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസ്സിലുണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. മണ്ണിടിച്ചിലിനെ തുടർന്ന് കോയമ്പത്തൂർ – നീലഗിരി ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകളിലും കൊടൈക്കനാലിലേക്കുള്ള പ്രധാന പാതകളിലും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
വാരാന്ത്യ അവധി ദിവസങ്ങളില്‍ പ്രദേശത്ത് എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഊട്ടി, കൊടൈക്കനാല്‍ മലയോര കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ വിനോദസഞ്ചാരത്തിന് അധികൃതർ താല്‍ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെയ്ത്തുപിടിച്ച മഴയില്‍ ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

Post a Comment

Previous Post Next Post