മലയോര ഹൈവേ: താവുകുന്ന് അപകട വളവിൽ മുന്നറിയിപ്പ് ബോർഡുകൾ എത്തി; വെളിച്ചമില്ലായ്മയിൽ പ്രതിഷേധം ശക്തം

 


നടുവിൽ: നിരന്തര വാഹനാപകടങ്ങൾക്ക് പേരുകേട്ട മലയോര ഹൈവേയിലെ താവുകുന്ന് കൊടുംവളവിൽ ഒടുവിൽ പൊതുമരാമത്ത് വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സജ്ജമാക്കി. ഹെയർപിൻ വളവിനോട് ചേർന്ന് പുതിയ ബോർഡും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ട് ബ്ലിങ്കർ ലൈറ്റുകളുമാണ് അധികൃതർ സ്ഥാപിച്ചത്.

നടുവിൽ-കരുവഞ്ചാൽ റൂട്ടിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ കുത്തനെയുള്ള ഇറക്കത്തിൽ നാലോളം അപകട വളവുകളാണുള്ളത്. ഒരുവശം അഗാധമായ കൊക്കയും മറുഭാഗം ഉയരമുള്ള മൺതിട്ടയുമായ ഈ ഭാഗത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ചരക്കുലോറികളാണ് പതിവായി അപകടത്തിൽപ്പെടുന്നത്. വഴിയെക്കുറിച്ചുള്ള പരിചയക്കുറവ്, കാഴ്ച്ച മറയ്ക്കുന്ന മരച്ചില്ലകളും കാടുകളും, തെരുവുവിളക്കുകളുടെ കുറവ് എന്നിവയ്ക്കൊപ്പം അമിതവേഗവും അപകടങ്ങൾക്ക് കാരണമാകുന്നു. തുടർച്ചയായ പരാതികളെ തുടർന്നാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് ഭാഗികമായെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.

എന്നാൽ മേഖലയിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ നടുവിൽ പഞ്ചായത്ത് ഇനിയും മുന്നോട്ടു വന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുൻപ് വാഹനാപകടങ്ങളിൽ തകർന്ന ഹൈമാസ്റ്റ് ലൈറ്റും തെരുവ് വിളക്കുകളും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റോഡരികിലെ കാട് വെട്ടിത്തെളിക്കാനും നടപടിയില്ല.

നാലു വർഷത്തിനിടെ നാലുപേരുടെ ജീവനാണ് ഈ കൊടുംവളവുകളിൽ പൊലിഞ്ഞത്. നിരവധിപേർക്ക് പരിക്കേൽക്കുകയും വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. നേരത്തെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഇവിടെ സൂചനാ ബോർഡുകൾ വെച്ചിരുന്നെങ്കിലും രാത്രിയിലെ കൂരിരുട്ടിൽ ഡ്രൈവർമാർക്ക് ഇവ കാണാൻ സാധിച്ചിരുന്നില്ല. അപകടഭീഷണി പൂർണമായി ഒഴിവാക്കാൻ വഴിവിളക്കുകൾ ഉടൻ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.


Post a Comment

Previous Post Next Post