ഡല്‍ഹി-ചെന്നൈ ഇൻഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച്‌ തീപിടിത്തം, വിമാനം വഴിതിരിച്ചുവിട്ടു

 


ഹെദരാബാദ്: യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച്‌ ഇൻഡിഗോ വിമാനത്തിലെ ലഗേജ് അറയില്‍ തീപിടിത്തം.സംഭവത്തെ തുടർന്ന് ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ഇൻഡിഗോയുടെ 6E 6115, വിമാനത്തിലാണ് സംഭവം. എയർബസ് A321-251N വിഭാഗത്തില്‍പ്പെട്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്. വൈകിട്ട് നാലിന് ചെന്നൈയിലെത്തേണ്ടതായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലഗേജ് അറയില്‍നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീ അണയ്ക്കാൻ ചില യാത്രക്കാർ കൈവശമുണ്ടായിരുന്ന ബാഗുകള്‍ ഉപയോഗിച്ച്‌ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിലെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തീ നിയന്ത്രണവിധേയമാക്കി.

Post a Comment

Previous Post Next Post