മീൻ കറി വെക്കുകയോ, വൃത്തിയാക്കുകയോ ചെയ്ത ശേഷം നമ്മുടെ കൈകളില്‍ ആ മണം കുറച്ചു നേരത്തേക്ക് തങ്ങിനില്‍ക്കുന്നത് ഒരു സാധാരണ അനുഭവമാണ്.എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോള്‍ ഈ ‘മീൻ ഗന്ധം’ പൂർണ്ണമായി മാറാറില്ല. മീനിലെ ചില പ്രത്യേകതരം എണ്ണകളും സംയുക്തങ്ങളുമാണ് ഈ ദുർഗന്ധത്തിന് കാരണം. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും അടുക്കള ജോലികള്‍ക്കു ശേഷം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. (Image Credit source: Getty Images)
മീനുകളില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് ട്രൈമീഥൈലമൈൻ ഓക്സൈഡ്. മീൻ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് അന്തരീക്ഷ വായുവുമായി സമ്പർക്കത്തില്‍ വരുമ്പോഴും അതിലെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലവും ഇത് ട്രൈമീഥൈലമൈൻ (TMA) ആയി മാറുന്നു. രൂക്ഷമായ മീൻ മണത്തിന് പ്രധാന കാരണം ഈ രാസവസ്തുവാണ്.എന്നാല്‍ ഇനി ആ പ്രശ്നമില്ലാ. രാസവസ്തുക്കളോ സോപ്പോ ഉപയോഗിക്കാതെ തന്നെ കൈകളിലെ മീൻ മണം ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. അതില്‍ ആദ്യത്തേതാണ് കാപ്പിപ്പൊടി. മീൻ കഴുകിയ ശേഷം കൈകളില്‍ അല്‍പം കാപ്പിപ്പൊടി എടുത്ത് ഉരസിയാല്‍ മീൻ മണം പെട്ടെന്ന് മാറും.
അതുപോലെ, നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം ആ തൊണ്ട് കൊണ്ട് കൈയ്യില്‍ നന്നായി ഉരസിയാല്‍ മീൻ മണം പൂർണ്ണമായി മാറിക്കിട്ടും. കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യില്‍ തിരുമ്മി കഴുകിയാലും ദുർഗന്ധം അകറ്റാം.
പുതിന ഇല കൈയ്യിലെടുത്ത് തിരുമ്മിയാല്‍ മീൻ ഗന്ധം അതിവേഗം ഇല്ലാതാക്കാം. സോപ്പിട്ട് കഴുകിയ ശേഷം അല്‍പ്പം വെളിച്ചെണ്ണ കയ്യില്‍ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുത്താലും കൈകള്‍ക്ക് നല്ല സുഗന്ധം ലഭിക്കും. ഇത്തരം പൊടിക്കൈകളിലൂടെ കൈയിലെ മീൻ മണം അതിവേഗം മാറ്റാവുന്നതാണ്.

Post a Comment