ആലക്കോട്: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടന്ന മുപ്പത്തിയൊൻപതാമത് ദേശീയ സബ് ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചരിത്രനേട്ടം സ്വന്തമാക്കി രണ്ടാം സ്ഥാനം നേടി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 6-4 എന്ന സ്കോറിനാണ് കേരള ടീം ഒഡീഷയോട് പൊരുതി വീണത്. ഇതോടെ ഒഡീഷ ജേതാക്കളായി. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ആദ്യമായാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
കേരളത്തിന്റെ ഈ ചരിത്രവിജയത്തിൽ നിർണായക പങ്കുവഹിച്ചത് ആലക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് താരങ്ങളാണ്. ടീം ക്യാപ്റ്റൻ എസ്. നിരഞ്ജൻ, അഭിറാം മനീഷ്, ടി. എസ്. ഹരിനന്ദ് എന്നിവരാണ് ഉജ്ജ്വല പ്രകടനത്തിലൂടെ മലയോര ഗ്രാമമായ ആലക്കോടിന് അഭിമാനമായി മാറിയത്. അധ്യാപകനായ കെ.വി. സുധീർകുമാറിന്റെ മികച്ച പരിശീലനമാണ് ഇവരെ ദേശീയതലത്തിൽ തിളങ്ങാൻ സഹായിച്ചത്.
ആലക്കോട്ടെ അധ്യാപക ദമ്പതികളായ കെ.വി. സുധീർകുമാറിന്റെയും അർച്ചനയുടെയും മകനാണ് ക്യാപ്റ്റൻ നിരഞ്ജൻ. കാർത്തികപുരം മാവുന്തോട്ടിലെ മനീഷ് - ശ്രീജ ദമ്പതികളുടെ മകനാണ് അഭിറാം. ഐ.സി.ഡി.എസ് ഉദ്യോഗസ്ഥനായ ആലക്കോട്ടെ തുണ്ടത്തിൽ സുനിൽകുമാറിന്റെയും അധ്യാപികയായ ശ്രുതിയുടെയും മകനാണ് ഹരിനന്ദ്.

Post a Comment