വെറും നാടൻ പച്ചക്കച്ചവടത്തിനപ്പുറം, ആരോഗ്യലോകത്ത് വലിയ ചർച്ചയാവുകയാണ് വെറ്റില. പുകയിലയും ചുണ്ണാമ്പും അടക്കയും ചേർത്ത് ചവച്ചു തുപ്പുന്ന ശീലത്തിനപ്പുറം വെറ്റില വെറുതെ കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന ഔഷധക്കരുത്ത് ചെറുതല്ല.വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവയാല്‍ സമ്പന്നമാണ് വെറ്റില. ഒരു ടീസ്പൂണ്‍ വെറ്റില നീരില്‍ തേൻ ചേർത്ത് കഴിക്കുന്നത് മികച്ച ഒരു ടോണിക് ആയി പ്രവർത്തിക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പോളിഫെനോളുകളും ഫ്ലേവനോയിഡുകളും അടങ്ങിയ വെറ്റില ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും ഏറെ ഫലപ്രദമാണ്. പ്രോട്ടീൻ, ഫൈബർ, കരോട്ടിനോയിഡുകള്‍ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെയും മികച്ച കലവറയാണിത്.
ശരീരത്തിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ ഇതിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. വാതരോഗങ്ങള്‍, വിട്ടുമാറാത്ത വീക്കങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഭക്ഷണശേഷം വെറ്റില ചവയ്ക്കുന്നത് വായയുടെ ആരോഗ്യം സംരക്ഷിക്കാനും വായയിലെ ദുർഗന്ധം അകറ്റാനും പല്ല് ദ്രവിക്കുന്നത് തടയാനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Post a Comment