തളിപ്പറമ്പ്: ഗാന്ധിജയന്തിയുടെ തലേനാൾ പതിവുതെറ്റിക്കാതെ എത്തുന്ന ആ സ്നേഹസാന്നിധ്യം ഇത്തവണയും മുടങ്ങിയില്ല. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ മഹാത്മാഗാന്ധിയുടെ പ്രതിമ ശുചീകരിക്കാൻ തൃച്ചംബരം സ്വദേശിയായ പി.വി. നാരായണൻകുട്ടി ഈ വർഷവും എത്തി. 2005-ൽ സ്ഥാപിതമായ ഈ പ്രതിമ എല്ലാ ഒക്ടോബർ ഒന്നിനും വൃത്തിയാക്കി പുഷ്പഹാരമണിയിക്കുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ജവഹർ ബാൽ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ചെയർമാനായ 74-കാരനായ നാരായണൻകുട്ടി, വാർധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഇത് ഒരു വ്രതം പോലെയാണ് കാത്തുസൂക്ഷിക്കുന്നത്.
താലൂക്ക് ഓഫീസ് വളപ്പിൽ റവന്യു ടവർ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഗാന്ധി പ്രതിമ ഉൾപ്പെടുന്ന ഭാഗം ഷീറ്റുകൾ കൊണ്ട് മറച്ച നിലയിലായിരുന്നു. എന്നാൽ തന്റെ 21-ാം വർഷത്തെ ദൗത്യം മുടങ്ങരുതെന്ന് ആവശ്യപ്പെട്ട് നാരായണൻകുട്ടി തഹസിൽദാർ കെ.കെ. സുനിഷയെ സമീപിച്ചു. തുടർന്ന് തഹസിൽദാറുടെ പ്രത്യേക ഇടപെടലിലൂടെ ഷീറ്റുകൾ താൽക്കാലികമായി മാറ്റി ശുചീകരണത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. തുടർന്ന് പ്രതിമ പൂർണ്ണമായി വൃത്തിയാക്കി പുതിയ മാലയും ചാർത്തി. ശരീരം അനുവദിക്കുന്ന കാലത്തോളം ഈ സേവനം തുടരുമെന്ന ഉറച്ച നിശ്ചയത്തിലാണ് ഈ ഗാന്ധിയൻ. ഇന്ന് രാവിലെ പ്രതിമയിൽ മാല ചാർത്തിയ ശേഷം തുടർ ശുചീകരണ പ്രവർത്തനങ്ങളും നടക്കും.

Post a Comment