മൈസൂരു: കർണാടകയിലെ മൈസൂരുവിന് സമീപം പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില് നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു.ബംഗളൂരുവില് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ലോറിയും തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 3:45 ഓടെയായിരുന്നു സംഭവം.അപകടത്തില് മരിച്ചവരില് ബസിന്റെ ഡ്രൈവറും ക്ലീനറും ഉള്പ്പെടുന്നു. മരിച്ച ബസ് ജീവനക്കാരില് രണ്ടുപേർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അവധിക്കാലമായതിനാല് ബസില് മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.
റോഡില് മരം വീണുകിടക്കുന്നത് കണ്ട് ലോറി ഡ്രൈവർ വാഹനം പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ചുമാറ്റിയപ്പോഴാണ് എതിർദിശയില് വരികയായിരുന്ന സ്ലീപ്പർ ബസിലേക്ക് ലോറി ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.അപകടത്തില് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില് പലരുടെയും നില അതീവ ഗുരുതരമായതിനാല് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ പെരിയപട്ടണം ആശുപത്രിയിലും തുടർചികിത്സയ്ക്കായി മൈസൂരിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി.
Post a Comment