അടിയന്തര നഷ്ടപരിഹാരം പോലും എത്തിയില്ല: ഉദയഗിരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ ആര് ആശ്വസിപ്പിക്കും


ആലക്കോട്: കനത്ത മഴയെ തുടർന്ന് ഉരുള്‍ പൊട്ടി നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായം ലഭിക്കുന്നില്ലായെന്ന് ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ ദുരിത ബാധിതർ.കഴിഞ്ഞ ആഗസ്ത് ഒന്നിന് രാത്രിയിലാണ് ഉദയഗിരിയെ പിടിച്ചുലച്ച ഉരുള്‍പൊട്ടലുണ്ടായത്. രണ്ടാം വാർഡ് താളിപ്പാറയിലെ തൊണ്ടൻ കുന്നും താബോറുമുള്‍പ്പെടെയുള്ള 26 സ്ഥലങ്ങളില്‍ നിന്നും ഉരുള്‍ പൊട്ടി പാറയും ചെളിയും മണ്ണും നിറഞ്ഞ പ്രളയജലമൊഴുകിയെത്തി വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളുമടക്കം ഒഴുകി പോയത്.
എണ്‍പതോളം വീടുകള്‍ക്കാണ് കനത്ത നാശനഷ്ടമുണ്ടായത്. മുപ്പതോളം റോഡുകളും എട്ട് കലുങ്ക് പാലങ്ങള്‍ക്കും കേടുപാടുണ്ടായി. കിണറും കാലി തൊഴുത്തും നഷ്ടപ്പെട്ടവരുമുണ്ട്. കടകളില്‍ വെള്ളം കയറി സാധന സാമഗ്രികള്‍ ഒഴുകി പോയി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉദയഗിരിക്കുണ്ടായത്. അഞ്ഞൂറില്‍ പരം കുടുംബങ്ങളെ നേരിട്ട് പ്രകൃതിദുരന്തത്തിനിരയായി . അത്യാഹിതം നടന്നിട്ട് 75 ദിവസം പിന്നിട്ടിട്ടും സർക്കാർ അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇവിടെ ലഭിച്ചിട്ടില്ല. ഇതെ സമയം ഉരുള്‍ പൊട്ടി നാശനഷ്ടം നേരിട്ട അയല്‍പഞ്ചായത്തായ ചെറുപുഴയില്‍ അടിയന്തിര ധനസഹായം ലഭിച്ചുവെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post