രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനവുമായി മിസോറാം ബാറ്റര്‍ ചിന്മയ് സുതര്‍. നാഗാലാന്‍ഡിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് മത്സരത്തില്‍ പുറത്താകാതെ 400 റണ്‍സ് അടിച്ചെടുത്താണ് സുതർ റെക്കോഡ് പുസ്തകത്തില്‍ ഇടംനേടിയത്.രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 517 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളും 46 ഫോറുമടക്കമാണ് താരം 400 റണ്‍ തികച്ചത്. 2022-23 സീസണില്‍ അസമിനെതിരേ 379 റണ്ണെടുത്ത മുംബൈ താരം പൃഥ്വി ഷായെ മറികടന്നാണ് സുതര്‍ രണ്ടാമതെത്തിയത്. 1948-49 സീസണില്‍ 443 റണ്ണെടുത്ത മഹാരാഷ്ര്ട താരം ബി.ബി. നിമ്പാല്ക്കറുടെ പേരിലാണ് ഏറ്റവും ഉയർന്ന റണ്‍സിന്റെ റെക്കോഡ്. രഞ്ജി ക്രിക്കറ്റില്‍ 400 റണ്ണെടുക്കുന്ന രണ്ടാമത്തെ താരമാണ് സുതർ. ആദ്യം ബാറ്റ് ചെയ്ത മിസോറം ഒന്‍പത് വിക്കറ്റിന് 581 റണ്ണെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗാലാൻഡ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 50 റണ്ണെടുത്തിട്ടുണ്ട്.
ടീം സ്കോർ 13 റണ്ണില്‍ നില്‍ക്കേ മിസോറാമിന് ഓപ്പണര്‍ സാഹില്‍ റെസയെ നഷ്ടമായെങ്കിലും പിന്നാലെയിറങ്ങിയ സുതര്‍ ക്രീസില്‍ ഉറച്ചുനിന്ന് ബാറ്റ് വീശുകയായിരുന്നു. മറുവശത്ത് വിക്കറ്റുകള്‍ തുടർച്ചയായി വീണപ്പോഴും ഓപ്പണര്‍ ലാല്സിയേല (31), ജെഹു ആന്ഡേഴ്സണ് (69), മനേന്ദര്‍ സിങ് (27) എന്നിവരെ കൂട്ടുപിടിച്ച് സുതര്‍ സ്കോർ ഉയർത്തി. അഞ്ചാം വിക്കറ്റില്‍ ജെഹുവിനൊപ്പം ചേര്‍ന്ന് 168 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം, അവസാന വിക്കറ്റില്‍ ലാല്റെംപുയിയെ (14) ഒപ്പം നിർത്തിയാണ് ട്രിപ്പിള്‍ സെഞ്ചുറിയും തുടർന്ന് 400 റണ്ണും തികച്ചത്.

Post a Comment