തിരുവനന്തപുരം: പൂജവെയ്പ്പും നവരാത്രി ആഘോഷങ്ങളും കണക്കിലെടുത്ത് വരുന്ന ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിക്കാൻ സർക്കാർ തലത്തിൽ ആലോചന. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും.
വിവിധ സർവീസ് സംഘടനകൾ ഉന്നയിച്ച ശക്തമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ ഈ വിഷയം പരിഗണിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമായിരിക്കും അവധി പ്രഖ്യാപനം വരിക.
തീരുമാനം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. ഞായറാഴ്ചയ്ക്ക് പുറമെ ഒക്ടോബർ 19 തിങ്കൾ, ഒക്ടോബർ 20 ചൊവ്വ മഹാനവമി, ഒക്ടോബർ 21 ബുധൻ വിജയദശമി എന്നിങ്ങനെയാണ് അവധി ദിനങ്ങൾ വരുന്നത്. ഔദ്യോഗിക ഉത്തരവ് ഇറങ്ങുന്നതോടെ ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ പ്രവർത്തനം ഉണ്ടായിരിക്കില്ല.
Post a Comment