ഇനി ശനിയും ഞായറും ഫുള്‍ അവധി? സര്‍ക്കാര്‍ ഓഫീസുകളില്‍ അഞ്ച് പ്രവൃത്തി ദിനമാക്കാൻ ആലോചന, നിര്‍ണായക യോഗം 17ന്



തിരുവനന്തപുരം:  സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കണമെന്ന ആവശ്യത്തില്‍ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന്.പൊതുഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് ഓണ്‍ലൈനായി യോഗം വിളിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം.ഞായറാഴ്ചയ്ക്ക് പുറമെ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് സർക്കാർ ആലോചിക്കുന്നത്. ഭരണം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിർദേശം. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും, വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം നിർദേശിച്ചിരുന്നു.ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു.


എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിക്കുറയ്ക്കുന്നതിനെ ചില സംഘടനകള്‍ എതിർത്തിട്ടുണ്ട്. ജീവനക്കാരുടെ ലീവ് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഹനിക്കരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാർ പ്രതികരിച്ചു.അതേസമയം പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കിയാല്‍ ജനങ്ങള്‍ക്ക് സേവനം ലഭിക്കേണ്ട ദിവസങ്ങള്‍ കുറയുമെന്ന വിമർശനവും ഉയരുന്നുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post