പുതിയ അധ്യയന വര്‍ഷം; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഷാര്‍ജ പൊലീസിന്റെ പ്രത്യേക പദ്ധതി


2026-27 അധ്യയന വർഷത്തിന് തുടക്കമായതോടെ വിദ്യാർഥികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാൻ ഷാർജ പൊലീസ് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തി.
സ്കൂളുകള്‍ക്ക് സമീപം പൊലീസ് സാന്നിധ്യവും വാഹന പരിശോധനയും ശക്തമാക്കി.
ഷാർജ സിറ്റി കൂടാതെ സെൻട്രല്‍, ഈസ്റ്റേണ്‍ മേഖലകളിലും സ്കൂള്‍ പരിസരങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് പട്രോളുകളെയും വിന്യസിച്ചു. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം നിരീക്ഷിക്കാൻ മൊബൈല്‍ ഓപ്പറേഷൻസ് റൂമും പ്രവർത്തനം ആരംഭിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുന്നതിനും ഇത് സഹായിക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട സുരക്ഷാ, ഗതാഗത പരാതികളും അന്വേഷണങ്ങളും സ്വീകരിക്കാൻ ഷാർജ പൊലീസിന്റെ 901 കോള്‍ സെന്ററില്‍ പ്രത്യേക സേവനവും ഏർപ്പെടുത്തി. ഇതിലൂടെ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയങ്ങള്‍ നേരിട്ട് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

വിദ്യാർഥികളില്‍ റോഡ് സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനായി വിവിധ സ്കൂളുകളില്‍ ബോധവത്കരണ പരിപാടികളും സന്ദർശനങ്ങളും പൊലീസ് സംഘടിപ്പിച്ചു.
വിദ്യാർഥികളുമായും സ്കൂള്‍ ബസുകളുമായും ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ നിരീക്ഷിക്കുന്നതിനായി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമായി സഹകരിച്ച്‌ 'മഅ്മൻ' പ്ലാറ്റ്‌ഫോമും സജീവമാക്കി. വിവിധ പ്രായക്കാർക്കായി ദൃശ്യ ഉള്ളടക്കങ്ങളും ബോധവത്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക മാധ്യമ പ്രചാരണവും ഷാർജ പൊലീസ് നടപ്പാക്കി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അധ്യയന വർഷത്തിന്റെ തുടക്കത്തില്‍ റോഡുകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം.

Post a Comment

Previous Post Next Post