കണ്ണൂർ: കനത്ത മഴയെ വകവെയ്ക്കാതെ, രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി, ചോറ്റുപാത്രവും കുടയുമെടുത്ത് സ്കൂളിലേക്ക് തിരിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇരുട്ടടിയായി കളക്ടറുടെ 'ലാഗ് അടിച്ച' അവധി പ്രഖ്യാപനം. പാതിവഴിയിലും സ്കൂൾ വരാന്തയിലുമെത്തിയപ്പോഴാണ് പലരും അവധി വിവരം അറിയുന്നത്. ഇതോടെ കണ്ണൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ട്രോളുകളുടെയും പ്രതിഷേധങ്ങളുടെയും പെരുമഴയായി.
'മാമൻ' ഉറങ്ങിപ്പോയോ?
രാവിലെ എട്ടു മണിക്ക് ശേഷമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വന്നത്. അപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. മഴയത്ത് നനഞ്ഞൊലിച്ച് സ്കൂളിലെത്തിയപ്പോഴാണ് ക്ലാസ് ടീച്ചർമാരുടെ മെസ്സേജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്നത്, "ഇന്ന് സ്കൂളിന് അവധിയാണ്" എന്ന്! ഇതോടെ കലിപ്പിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരെ വെച്ചുപിടിച്ചത് കളക്ടറുടെ ഫേസ്ബുക്ക് പേജിലേക്കാണ്.
കമന്റ് ബോക്സിലെ ചിരിപ്പൂരം
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിൽ രോഷവും നർമ്മവും കലർന്ന കമന്റുകളുടെ പൂരമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഒരു വിരുതന്റെ ഈ കമന്റാണ്:
"കളക്ടർ മാമാ അല്പം നേരത്തെ എണീക്കായിരുന്നു... "
കമന്റ് ബോക്സിൽ നിറഞ്ഞ മറ്റ് ചില രസകരമായ പ്രതികരണങ്ങൾ:
"കളക്ടർ ഇത്ര സമയവും ഉറക്കമായിരുന്നോ?പാവം കുട്ടികൾ പലരും പാതി വഴിയിൽ ആയി പോയി" .
"കലക്ടർ സാർ ഇപ്പോഴാണ് എണീറ്റത് 8:00മണിക്ക് കുട്ടികളെ പെരുവഴിയിൽ ആക്കിയത് കഷ്ടം തന്നെ"
"നേരത്തേ ആയി പോയില്ലേ എന്നൊരു സംശയം 😁😁സാരമില്ല..."
ശീലം ആക്കാതിരുന്നാൽ മതി 😁👍
ചോറ്റുപാത്രവും സങ്കടവും
അവധി കിട്ടിയതിന്റെ സന്തോഷം കുട്ടികൾക്കുണ്ടെങ്കിലും, മഴയത്ത് നനഞ്ഞൊലിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വന്നതിന്റെ കലിപ്പിലാണവർ. അതിരാവിലെ കഷ്ടപ്പെട്ട് ചോറുണ്ടാക്കിയ അമ്മമാരാകട്ടെ, ആ ദേഷ്യം മുഴുവൻ കളക്ടറുടെ പോസ്റ്റിന് താഴെ തീർക്കുന്നുണ്ട്. മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ വീട്ടിലേക്ക് തിരിച്ചുനടന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ദയനീയമായിരുന്നു.
എന്തായാലും, അടുത്ത തവണ മഴ കനക്കുമ്പോൾ കളക്ടർ മാമൻ അല്പം നേരത്തെ എഴുന്നേറ്റ് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരുകാർ. അതുവരെ ചോറ്റുപാത്രം കാലിയാക്കാനുള്ള ഡ്യൂട്ടി വീട്ടുകാർക്ക് തന്നെ!

Post a Comment