കൊച്ചി: മദ്യം വാങ്ങിയ ശേഷം കാലിക്കുപ്പി തിരികെ കൊടുത്താൽ 20 രൂപ കിട്ടുമെന്ന മോഹം ഇനി വേണ്ട. പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന ബെവ്കോയുടെ 'ഡിപ്പോസിറ്റ് പദ്ധതി' ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുമ്പോൾ ഈടാക്കിയിരുന്ന 20 രൂപയുടെ അധിക തുക ഉപഭോക്താക്കൾ നൽകേണ്ടതില്ല.
മുമ്പ് പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, പിന്നീട് ഒഴിഞ്ഞ കുപ്പി അതേ ഔട്ട്ലെറ്റിൽ തിരികെ നൽകുമ്പോൾ ഈ തുക മടക്കി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
പദ്ധതി പൂട്ടാൻ കാരണം കുപ്പികളുടെ 'പ്രളയം'
കാലിക്കുപ്പികൾ പെരുകിയതോടെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ അവ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നതാണ് പദ്ധതി പൂട്ടാൻ പ്രധാന കാരണം. തിരികെ ലഭിക്കുന്ന കുപ്പികൾ കൂമ്പാരമായതോടെ പുതിയ സ്റ്റോക്കുകൾ വെക്കാൻ തടസ്സമായതും ജീവനക്കാർക്ക് വലിയ തലവേദനയായി മാറിയിരുന്നു. മദ്യശാലകളുടെ സാധാരണ പ്രവർത്തനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചുവെന്ന പരാതികളെ തുടർന്നാണ് ഈ പിന്മാറ്റം. പദ്ധതി നിർത്തിയ വിവരം ഉപഭോക്താക്കളെ അറിയിക്കാൻ എല്ലാ ഔട്ട്‌ലെറ്റുകളിലും നോട്ടീസ് പ്രദർശിപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കുടിയന്മാർ തിരികെ വാങ്ങിയത് 6.63 കോടി രൂപ!
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. പ്രത്യേക ക്യൂആർ (QR) കോഡ് പതിപ്പിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികളിലൂടെയായിരുന്നു ഇത് നടപ്പാക്കിയിരുന്നത്. കുടിയന്മാർ ഈ ഓഫർ ഗംഭീരമായി ഏറ്റെടുത്തുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 6.63 കോടി രൂപയാണ് ഡിപ്പോസിറ്റ് ഇനത്തിൽ ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയത്.
എന്തായാലും ഇനി മുതൽ കുപ്പി തിരികെ കൊടുത്താൽ 20 രൂപ കിട്ടില്ല, പകരം അത് ആക്രിക്കാരനെ തന്നെ ഏൽപ്പിക്കേണ്ടി വരും!

Post a Comment