പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച; അനിശ്ചിതത്വത്തിന് വിരാമം


തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.

മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഒടുവില്‍ പുതിയ തീയതി പ്രഖ്യാപിച്ചത്. ജൂലൈ മൂന്നിന് മുമ്പ് പരീക്ഷകള്‍ പൂർത്തിയായിരുന്നെങ്കിലും ഫലപ്രഖ്യാപനം വൈകിയത് പരീക്ഷയെഴുതിയ ഏകദേശം ഒരു ലക്ഷം വിദ്യാർഥികളുടെ തുടർപഠനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഡിഗ്രി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ കാലതാമസം.

സെൻസസ് ഡ്യൂട്ടിയെ തുടർന്ന് പേപ്പർ മൂല്യനിർണയത്തിന് ആവശ്യമായ അധ്യാപകരുടെ ലഭ്യതക്കുറവ്, ഗള്‍ഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അവിടുത്തെ പരീക്ഷകള്‍ വൈകിയത്, ഫലപ്രഖ്യാപനത്തിനുള്ള സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയാണ് കാലതാമസത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്.

ഡിഗ്രി പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഫലപ്രഖ്യാപന തീയതി സ്ഥിരീകരിച്ചതോടെ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമായിരിക്കുകയാണ്.

Post a Comment

Previous Post Next Post