ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പ്, കോഴിക്കോട് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോഴിക്കോട്: കൊയിലാണ്ടിയില്‍ ഹരിത കർമ്മ സേനാംഗങ്ങള്‍ക്ക് നേരെ ക്രൂരത. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിലാക്കി നിക്ഷേപിക്കുകയായിരുന്നു.
ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് തങ്ങള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമ സേനയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
മുത്താമ്പിയില്‍ മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിലാണ് വലിയ ചാക്കിനുള്ളില്‍ കെട്ടിവച്ച നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂർവ്വം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്ന് ജീവനക്കാർ വ്യക്തമാക്കി.
ഇത്തരം ക്രൂരതകള്‍ ആരും ആവർത്തിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. പേടിച്ചരണ്ട ജീവനക്കാർ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തില്‍ കൊയിലാണ്ടി നഗരസഭാ അധികൃതർ അന്വേഷണം ആരംഭിച്ചു, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്.

Post a Comment

Previous Post Next Post