ആലക്കോട്: തളിപ്പറമ്പ്-മണക്കടവ് ടിസിബി റോഡിൽ കാഴ്ച മറച്ച് കാടുകൾ വളർന്നു നിൽക്കുന്നത് വാഹന യാത്രികർക്ക് വലിയ ഭീഷണിയാകുന്നു. കാർത്തികപുരത്തിനും മണക്കടവിനും ഇടയിലുള്ള പച്ചതുരുത്തിനു സമീപത്തെ കൊടുംവളവിലാണ് റോഡിലേക്ക് മരങ്ങളുടെ ശിഖരങ്ങളും കാടുകളും അപകടകരമായ രീതിയിൽ വളർന്നു നിൽക്കുന്നത്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ തീരെ കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാഴ്ച പൂർണ്ണമായും മറയുന്നത് കാരണം ഈ പ്രദേശത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മുമ്പും ഇവിടെ പലതവണ അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദിവസേന ദീർഘദൂര സർവ്വീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. ഇരുചക്ര വാഹന യാത്രികരാണ് ഇതിന്റെ ദുരിതം കൂടുതലും അനുഭവിക്കുന്നത്. വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ഈ ഭാഗത്തെ കാടുകളും മരച്ചില്ലകളും വെട്ടിമാറ്റി ഗതാഗതം സുഗമമാക്കാൻ അധികൃതർ അടിയന്തരമായി തയ്യാറാകണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പ്രധാന ആവശ്യം.
Post a Comment