കോഴിക്കോട്: കുറ്റിപ്പുറത്തെ സ്വകാര്യ ബസ് അപകടത്തില്‍ പൊലിഞ്ഞത് ഒരു ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളായിരുന്നു.
പെരുവയല്‍ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കല്‍ സ്വദേശി വൈഷ്ണവിന്റെ അപ്രതീക്ഷിത വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി.
തിരുവനന്തപുരം ദേവസ്വം ബോർഡിലെ പരീക്ഷ എഴുതാനായി ജ്യേഷ്ഠൻ വൈശാഖിനൊപ്പം ഞായറാഴ്ച രാവിലെയാണ് 31കാരനായ വൈഷ്ണവ് തൃശൂരിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ദേശീയപാതയില്‍ കുറ്റിപ്പുറത്ത് വെച്ചുണ്ടായ സ്വകാര്യ ബസ് അപകടം അവരുടെ ജീവിതം മാറ്റിമറിച്ചു.
അപകട വിവരം വേഗത്തില്‍ പുറത്തുവന്നെങ്കിലും ദുരന്തത്തില്‍പ്പെട്ടത് തങ്ങളുടെ പ്രിയപ്പെട്ടവനാണെന്ന് ചെറുകുളത്തൂർ നാട്ടുകാർ അറിഞ്ഞത് വൈകിയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠൻ വൈശാഖ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ടൈല്‍സ് പണിക്കിടയിലും പി.എസ്.സി മത്സരപരീക്ഷകള്‍ക്കായി കഠിനമായി പരിശ്രമിക്കുകയായിരുന്നു വൈഷ്ണവ്. ദേവസ്വം ബോർഡ് പരീക്ഷയില്‍ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിയത്. തനിക്ക് ജോലി കിട്ടുമെന്ന ആത്മവിശ്വാസം സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.
നാട്ടിലെ ഏത് വിശേഷ പരിപാടികള്‍ക്കും മുൻപന്തിയില്‍ ഉണ്ടായിരുന്ന വൈഷ്ണവിന്റെ വിയോഗം സുഹൃത്തുക്കള്‍ക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിയുകയായിരുന്നു.

Post a Comment