പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില; കോഴിത്തീറ്റ വില ഉയര്‍ന്നത് പ്രതിസന്ധിയാകുന്നു


തൃശ്ശൂർ: സംസ്ഥാനത്ത് പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചി വിലയും കുതിച്ചുയരുന്നു. തൃശ്ശൂർ വിപണിയില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില 240 മുതല്‍ 250 രൂപ വരെയായി ഉയർന്നു.
ലൈവ് കോഴി കിലോയ്ക്ക് 164 മുതല്‍ 170 രൂപ വരെയാണ് നിലവിലെ നിരക്ക്. കോഴിമുട്ടയുടെ വിലയും 8.50 രൂപയായി കുതിച്ചുയർന്നു.
തീറ്റവില വർധനയും എത്തനോള്‍ ഉല്‍പ്പാദനവും
കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർധനവാണ് ഇറച്ചിവില ഉയരാൻ പ്രധാന കാരണം. 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപ വർധിച്ച്‌ 1,850 രൂപയായി. മുൻപ് ഇത് 1,350 രൂപയായിരുന്നു.
തീറ്റ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ എന്നിവയുടെ കടുത്ത ദൗർലഭ്യമാണ് തീറ്റവില കുത്തനെ കൂട്ടിയത്. ചോളവും മറ്റ് ധാന്യങ്ങളും വൻതോതില്‍ എത്തനോള്‍ നിർമാണത്തിനായി വഴിതിരിച്ചുവിടുന്നതാണ് വിപണിയില്‍ ക്ഷാമമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. കൂടാതെ മഴ കുറഞ്ഞത് മൂലമുള്ള ഉല്‍പ്പാദനക്കുറവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ കേരളം; വൻകിടക്കാരുടെ കൃത്രിമ വിലക്കയറ്റം
സംസ്ഥാനത്ത് പ്രതിദിനം 30 ലക്ഷം കിലോ കോഴിയിറച്ചിയും രണ്ടു കോടി കോഴിമുട്ടയുമാണ് ഉപഭോഗം. ഇതില്‍ കോഴിയുടെ 70 ശതമാനവും മുട്ടയുടെ 80 ശതമാനവും തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ് മുതലെടുത്ത് വൻകിട ഫാമുകള്‍ കൃത്രിമമായി വില ഉയർത്തുന്നതായും ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post